ഒന്നര ലക്ഷം രൂപയുടെ ഷൂ, 80000 രൂപയുടെ ജീൻസ്; സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ റെയ്ഡ്: ദൃശ്യങ്ങൾ
സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വിലപിടിപ്പുള്ള ആഡംബര വസ്തുക്കൾ. ഗൂചിയുടെ ഒന്നര ലക്ഷം രൂപ വിലയുള്ള ഷൂ, 80,000 രൂപ വിലയുള്ള ജീൻസ് തുടങ്ങിയവ സുകേഷിൻ്റെ സെല്ലിൽ നിന്ന് പിടിച്ചെടുത്തു, റെയ്ഡിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
ജയിലർ ദീപക് ശർമയും മറ്റ് ചില ഓഫീസർമാരും ചേർന്ന് സിആർപിഎഫ് ജവാന്മാർക്കൊപ്പമാണ് മൻഡോളി ജയിലിലെ സെല്ലിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധന നടക്കുന്നതിനിടെ സെല്ലിൻ്റെ ഒരു മൂലയിൽ നിന്ന് സുകേഷ് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
സുകേഷ് ചന്ദ്രശേഖറിൽ നിന്ന് തനിക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് വെളിപ്പെടുത്തിയിരുന്നു. സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലിലാണ് ജാക്വിലിന്റെ വെളിപ്പെടുത്തലുകൾ. തനിക്ക് വേണ്ടി സുകേഷ് നിരവധി തവണ സ്വകാര്യ ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിൻ ഇഡിക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.
2020 ഡിസംബർ മുതൽ 2021 ജനുവരി വരെ സുകേഷ് ചന്ദ്രശേഖർ തന്നോട് നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കോളുകളോട് ആദ്യം താൻ പ്രതികരിച്ചില്ലെന്ന് ജാക്വലിൻ ഫെർണാണ്ടസ് ഇഡിയോട് പറഞ്ഞു. ‘തുടർന്ന് തന്റെ മേക്കപ്പ് മാൻ വഴി സുകേഷ് തന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. പിന്നീട് മേക്കപ്പ് അപ്പ് മാന് വന്ന ഒരു കോളിൽ വിളിക്കുന്നത് ഒരു സർക്കാരുദ്യോഗസ്ഥനാണെന്ന് പറഞ്ഞ്, ശേഖർ രത്‌നവേൽ എന്നറിയപ്പെട്ടിരുന്ന സുകേഷിനെ കോൺടാക്ട് ചെയ്യാനാവശ്യപ്പെടുകയും ചെയ്തു.
ബന്ധപ്പെട്ടപ്പോൾ സൺ ടി വി ഉടമയെന്ന് സുകേഷ് സ്വയം പരിചയപ്പെടുത്തിയത്. അതിനൊപ്പം തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നും പറഞ്ഞു. തന്റെ വലിയ ആരാധകനാണെന്നും സുകേഷ് പറഞ്ഞു. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഡയമണ്ട് കമ്മലുകൾ, ലൂയിസ് വിറ്റൺ ഷൂ, ബാഗുകൾ, ബ്രേസ് ലെറ്റുകൾ തുടങ്ങിയവ പലപ്പോഴായി സുകേഷ് തനിക്ക് സമ്മാനിച്ചു.
ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. തട്ടിപ്പു കേസിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വലിന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.