പഞ്ചാബില്‍ വന്‍ ഹെറോയിന്‍ വേട്ട; 80000 രൂപയുടെ കള്ളപ്പണവും പിടികൂടി
പഞ്ചാബിലെ ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. ആറ് പേരെ അറസ്റ്റ് ചെയ്തു.
300 ഓളം പൊലീസുകാരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഡി.എസ്.പി, എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വിവിധയിടങ്ങളിലായി എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. സംശയമുള്ള നിരവധി വീടുകള്‍ പൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.
പ്രദേശത്ത് വന്‍ തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവ നിയന്ത്രിക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സ്വപന്‍ ശര്‍മ്മ പറഞ്ഞു. 13 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിന്നായി നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.