200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് കാണിച്ച് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് നൽകിയത്. കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്നുള്ള കണ്ടെത്തിലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് ഇത് നാലാം തവണയാണ് നടി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി നടി ചോദ്യം ചെയ്യലിന് ഹാജരായത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. എന്നാല്‍ താരത്തിന് ഈ കേസുമായി നേരിട്ട് ബന്ധമില്ല. തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്ത് ഉപയോഗിച്ച് സുകേഷ് ബോളിവുഡ് നടിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ രവീന്ദ്ര യാദവ് എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. നേരത്തെ ഇതേ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. നടിയുടെ പേരിലുള്ള ഏഴരക്കോടിയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.
ചന്ദ്രശേഖറും ജാക്വലിനും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് സുകേഷ് വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു.