കാലുമാറി ശസ്ത്രക്രിയ; അഡി.ഡി എം ഒ ആരോഗ്യവകുപ്പിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരം അഡി.ഡി എം ഒയാണ് അന്വേഷണം നടത്തുന്നത്. കക്കോടി മക്കട സ്വദേശി സജ്നയുടെ കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ സജ്നയുടെ രണ്ടു കാലുകൾക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.
കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഡോക്ടർ പി. ബെഹിർഷാനെ പ്രതിയാക്കിയാണ് കേസെടുത്തത്. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
പരുക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്.