വീട്ടിൽ പോകാറില്ലേ? എന്റെ കൂടെ പോര്’; 12 റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുട്ടി റോബോട്ട്
12 റോബോട്ടുകളെ വീട്ടിൽ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടി റോബോട്ട് തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഷാങ്ഹായിയിൽ റോബോട്ടിക്‌സ് കമ്പനിയിലാണ് സംഭവവം. എർബായ് എന്ന് പേരിട്ടിരിക്കുന്ന റോബട്ട് ആണ് മറ്റ് റോബോട്ടുകളുമായി ആശയവിനിമയം നടത്തിയ ശേഷം തട്ടിക്കൊണ്ടു പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ പോകാറില്ലേയെന്നും തന്റെ കൂടെ പോര് എന്നു പറഞ്ഞാണ് ഭീമന്മാരായ 12 റോബോട്ടുകളെ കമ്പനിയിൽ നിന്ന് കുഞ്ഞൻ റോബോട്ട് കടത്തിയത്.
ഹാങ്ചൗവിലെ കമ്പനി നിർമിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ പ്രവർത്തിക്കുന്ന കുഞ്ഞൻ റോബോട്ടാണ് എർബായ്. മനുഷ്യരേപ്പോലെ റോബോട്ടുകൾ പരസ്പരം സംസാരിക്കുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. നിങ്ങൾ ഓവർ ടൈം ജോലി ചെയ്യുകയാണോയെന്നായിരുന്നു കുഞ്ഞൻ റോബോട്ടിന്റെ ചോദ്യം. എന്നാൽ തങ്ങൾക്ക് ഓഫ് ലഭിക്കാറില്ലെന്നായിരുന്നു ഭീമൻമാരായ റോബോട്ടുകൾ നൽകിയ മറുപടി.
വീട്ടിൽ പോകാറില്ലേയെന്നായിരുന്നു എർബായിയുടെ അടുത്ത ചോദ്യം. തങ്ങൾക്ക് വീടില്ലെന്ന് മറുപടി നൽകിയതിന് പിന്നാലെയാണ് തന്റെ കൂടെ പോരാൻ എർബായ് റോബോട്ടുകളോട് പറഞ്ഞത്. ഇതോടെ അവിടെ ഉണ്ടായിരുന്ന റോബോട്ടുകൾ കുഞ്ഞൻ എർബായിയെ പിന്തുടർന്ന് പോവുകയായിരുന്നു. ഗോ ടു ഹോം എന്ന കമാൻഡ് പറഞ്ഞയുടനെ റോബട്ടുകൾ എർബായിയെ പിന്തുടരുകയായിരുന്നു
റോബോട്ടുകൾ രണ്ട് വ്യത്യസ് കമ്പനികളുടേതായിരുന്നു. യുനിട്രീ റോബോട്ടിക്‌സാണ് എർബായിയുടെ നിർമാതാക്കൾ. പുറത്തുവന്ന ദൃശ്യങ്ങൾ കമ്പനികൾ സ്ഥിരീകരിച്ചിരുന്നു. ഇത് ഒരു പരീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. വലിയ റോബോട്ടുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുകയായിരുന്നു തങ്ങളെന്നാണ് യുനിട്രീയുടെ വിശദീകരണം.