ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ദുബായി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തില്‍ വച്ച് ബഹളമുണ്ടാക്കിയതിന് എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് മുംബൈ സഹാര്‍ പൊലീസിന്റെ നടപടി.
നലസോപാരയിലെ ജോണ്‍ ജി ഡിസൂസ (49), കോലാപ്പൂരിലെ മാന്‍ബെറ്റില്‍ നിന്നുള്ള ദത്താത്രയ് ബാപ്പര്‍ദേക്കര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ദുബായില്‍ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിലെത്താനുള്ള യാത്രയിലായിരുന്നു. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയത് സഹയാത്രികര്‍ എതിര്‍ത്തപ്പോള്‍ അവരെയും പ്രതികള്‍ അസഭ്യം പറഞ്ഞു. തടയാനെത്തിയതോടെ ജീവനക്കാരെയും അധിക്ഷേപിച്ചു. വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതില്‍ ഈ വര്‍ഷം ഇത് ഏഴാമത്തെ സംഭവമാണ്.