സാക്കിർ നായിക്കുമായി ബന്ധം; നാഗ്പൂർ സ്വദേശിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്
മഹാരാഷ്ട്രയിൽ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഗ്പൂർ സ്വദേശിയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 25 എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പുലർച്ചെ നാല് മണിയോടെ അബ്ദുൾ മുഖ്തദിറിൻ്റെ വീട്ടിൽ റെയ്ഡ് നടത്തി. അബ്ദുളിന്റെ അയൽവാസികളുടെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നാണ് വിവരം.
അബ്ദുൾ മുഖ്താദിർ 2017-ൽ പാക്കിസ്താനിലെ ഒരു മൗലാനയുമായി സംസാരിച്ചിരുന്നു. പിന്നാലെ ഉത്തർപ്രദേശിലെ റായ്ബറേലിയിലെത്തിയ ഇയാൾ, വീണ്ടും പാക്കിസ്താനിലേക്ക് ഫോൺ വിളിച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സാക്കിർ നായിക്കിന്റെ സംഘടനയായ ഐആർഎഫിലെ അംഗങ്ങളുമായും അബ്ദുൾ സംസാരിച്ചിരുന്നതായി ഉദ്ദ്യോഗസ്ഥർ അറിയിച്ചു. അതിനുശേഷം എൻഐഎയുടെ റഡാറിൽ ഉണ്ടായിരുന്ന ഇയാളുടെ വീട്ടിൽ ഇന്ന് പരിശോധന നടത്തുകയായിരുന്നു.
നാഗ്പൂർ പൊലീസ് ക്രൈംബ്രാഞ്ചും തെരച്ചിലിൽ സംഘത്തിൽ ഉണ്ടായിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) സ്ഥാപകനും പ്രസിഡന്റുമാണ് സാക്കിർ നായിക്. ഇന്ത്യയിലും വിദേശത്തുമുള്ള മുസ്ലീം യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചെന്നാണ് സാക്കിർ നായിക്കിനെതിരെയുള്ള ആരോപണം. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ഒന്നിലധികം ആരോപണങ്ങൾ നേരിടുന്ന സാക്കിർ 2017 മുതൽ മലേഷ്യയിലാണ് താമസിക്കുന്നത്.