ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം
ബംഗളൂരു: യാത്രയ്ക്കിടെ ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം.ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള 6 ഇ 122 വിമാനത്തിലാണ് സംഭവം. ഇന്നലെ രാത്രി 7.40ഓടെയാണ് കുഞ്ഞ് ആകാശത്ത് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
കുഞ്ഞിന്റെ ജനന വാര്‍ത്ത പുറത്ത് വന്നതോടെ ജീവിതകാലം മുഴുവനും ഇന്‍ഡിഗോയില്‍ ഈ കുഞ്ഞിന് സൗജന്യമായി യാത്രചെയ്യാനാകുമോ എന്ന ചര്‍ച്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. മാസം തികയും മുന്‍പാണ് കുഞ്ഞിന്റെ ജനനം. വിമാനത്തിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റും ഫസ്റ്റ് എയ്ഡ് സംഘവും യുവതിക്ക് വേദന തുടങ്ങിയ ഉടന്‍ യുവതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. മറ്റ് യാത്രക്കാരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അമ്മക്കും കുഞ്ഞിനും ലഭിച്ചത് ഊഷ്മളമായ വരവേല്‍പ്പാണ്. വീല്‍ചെയറില്‍ യുവതിയെ ആംബുലന്‍സിലെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
2009ല്‍ എയര്‍ഏഷ്യയും 2017ല്‍ ജെറ്റ് എയര്‍വേയ്‌സും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സാജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. വിമാനത്തില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുന്നത് അത്യപൂര്‍വ്വ സംഭവമാണെങ്കിലും ഓരോ എയര്‍ലൈന്‍സും സൗജന്യയാത്രയുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളില്‍ വ്യത്യാസമുണ്ടായേക്കാം.