Wednesday, January 8, 2025
Gulf

ദുബായിലേക്കുള്ള യാത്രയ്ക്കിടെ എമിറേറ്റ്‌സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

എമിറേറ്റ്‌സ് വിമാന യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ജപ്പാനില്‍ നിന്ന് ദുബായിലേക്കുള്ള EK319 വിമാനത്തില്‍ 35,000 അടി ഉയരത്തില്‍ വച്ചാണ് യുവതി കുഞ്ഞിനെ പ്രസവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജപ്പാനിലെ ടോകിയോയിലെ നരിറ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് കൗതുകം നിറഞ്ഞ സംഭവം.

യാത്രയ്ക്കിടെ വിമാനം 35000ത്തോളം അടി ഉയരത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഗര്‍ഭണിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തില്‍ വച്ച് ജീവനക്കാരുടെ സഹായത്താലായിരുന്നു പ്രസവം. ശേഷം ഷെഡ്യൂള്‍ ചെയ്ത പ്രകാരം യാത്ര നേരെ ദുബായിലേക്ക്. 12 മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം ദുബായിലെത്തിയത്. ലാന്‍ഡ് ചെയ്ത ഉടനെ യുവതിക്കും കുഞ്ഞിനും വൈദ്യസഹായം നല്‍കിയതായി എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു. ഈ സമയം യുവതിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമായിരുന്നു.

ദുബായി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘം ഇവരെ ഋകാത്തുനിന്നിരുന്നു. തങ്ങളുടെ ജീവനക്കാരുടെയും യാത്രികരുടെയും ആരോഗ്യവും സുരക്ഷയും ഏറെ പ്രധാനപ്പെട്ടതാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് വിമാന യാത്ര അനുവദിക്കാറില്ല. പക്ഷേ, യാത്രാനുമതിയുള്ള ഗര്‍ഭിണികള്‍ സമ്മര്‍ദമുള്‍പ്പെടെ അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ട് വിമാനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാറുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള KLM റോയല്‍ ഡച്ച് വിമാനത്തില്‍ ഒരു യുവതി പ്രസവിച്ചത്. സമാനമായി ഓഗസ്റ്റില്‍ കുവൈറ്റില്‍ നിന്ന് മനിലയിലേക്കുള്ള കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ ഫിലിപ്പൈന്‍ യുവതി പ്രസവിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *