മോസ്‌കോ-ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
മോസ്‌കോ ഗോവ ചാര്‍ട്ടേഡ് വിമാനത്തില്‍ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധന തുടരുന്നു. യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി വിശദമായ പരിശോധനയാണ് നടത്തുന്നത്. വിമാനം വഴിതിരിച്ചുവിട്ട് ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 236 യാത്രക്കാരും എട്ട് ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
പൊലീസ്, ബോംബ് ഡിറ്റക്ഷന്‍ സ്വാക്ഡ്, പ്രാദേശിക ഭരണ സംവിധാനങ്ങള്‍, എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധനയാണ് നടന്നതെന്ന് രാജ്‌കോട്ട് ഐജി അശോക് കുമാര്‍ യാദവ് പറഞ്ഞു. മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട വിമാനം ദബോലിം വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. മുന്‍കരുതലെന്ന നിലയില്‍ ദബോലിം വിമാനത്താവളത്തിലും പരിസരത്തും ഗോവ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മോസ്‌കോയില്‍ നിന്ന് പുറപ്പെട്ട വിമാനമായതിനാല്‍ അധികൃതര്‍ റഷ്യന്‍ എംബസിയെ വിവരമറിയിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരാണെന്നും ശക്തമായ പരിശോധനകള്‍ ഇന്ത്യന്‍ അധികൃതര്‍ നടത്തി വരികയാണെന്നും റഷ്യന്‍ എംബസി പ്രസ്താവനയിലൂടെ പറഞ്ഞു.