Tuesday, April 15, 2025
National

കാണാതായ കാലാവസ്ഥാ നിരീക്ഷണ ഉപകരണം കണ്ടെത്തി

 

മുംബൈ : ലക്ഷദ്വീപിനു സമീപം കേന്ദ്ര ഭൗമശാസ്ത്ര വിഭാഗം സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മഹാരാഷ്ട്ര തീരത്ത് നിന്നും കണ്ടെത്തി. കോടികള്‍ വിലയുള്ളതായ ബോയ ജൂലൈ മുതല്‍ ബന്ധം നഷ്ടമായിരുന്നു. മഹാരാഷ്ട്ര തീരത്ത് നിന്നും കണ്ടെത്തുമ്പോള്‍ ബോയയുടെ സോളര്‍ പാനലുകള്‍ ഇളക്കി മാറ്റിയ നിലയിലാണ് ഉണ്ടായിരുന്നത്. ഉപകരണം ചെന്നൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍ ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്.

അടുത്തിടെ മലയാളികളായ ചില മത്സ്യ തൊഴിലാളികള്‍ ഈ ഉപകരണത്തിന്റെ മുകളില്‍ കയറി നിൽക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സോഷ്യൽമീഡിയ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. പിന്നാലെയാണ് ഉപകരണത്തിനായി തെരച്ചില്‍ ശക്തമാക്കിയത്. കോസ്റ്റല്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.

മല്‍സ്യത്തൊഴിലാളികള്‍ അംഗങ്ങളായുള്ള കോസ്റ്റല്‍ പൊലീസിന് കീഴിലെ എഴുന്നൂറിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ബോയയുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. പിന്നാലെയാണ് ഉപകരണം കണ്ടെത്തിയത്. ഉപകരണം കണ്ടെത്തിയാല്‍ ഇത് തീരത്ത് അടുപ്പിക്കുന്നതിനുള്ള പൂര്‍ണ ചെലവ് വഹിക്കാമെന്നും ഇന്‍സ്റ്റ്യൂട്ട് മല്‍സ്യത്തൊഴിലാളികളോട് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *