പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി; നേവിയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ പുനരാരംഭിച്ചു
പൊന്നാനി: പൊന്നാനിയില്‍ കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ പുനരാരംഭിച്ചതായി കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഓഫിസില്‍ നിന്ന് അറിയിച്ചു. ഫിഷറീസ് ബോട്ടും തിരച്ചില്‍ നടത്തുന്നുണ്ട്. രാവിലെ ഒമ്പതരയോടെ തെരച്ചില്‍ ആരംഭിക്കും. ഹെലികോപ്റ്റര്‍ പറത്താന്‍ അനുകൂലമല്ലാത്ത കാലാവസ്ഥയും ദൃശ്യതാ പ്രശ്‌നവുമാണ് ഹെലികോപ്റ്റര്‍ സേവനം വൈകാന്‍ കാരണം. വിവരമറിഞ്ഞ ഉടന്‍ തന്നെ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. പൊന്നാനി താലൂക്കില്‍ മിനിപമ്പയില്‍ വെള്ളത്തില്‍ ചാടിയ ആള്‍ക്ക് വേണ്ടി പൊന്നാനി ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.