മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയുടെ സഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ആഭംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല.
ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ന്യൂനർദത്തിന്റെ ശക്തി കുറഞ്ഞത് ആശ്വാസമാവുന്നു.
പെമാരിയിലെ ദുരിതക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് കൂടുതൽ സമയം വേണ്ടിവരും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓലിക്കൽ ഷാലറ്റിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി.
ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ ഭാര്യയും മക്കളും ഉൾപ്പെടെ ആറ് പേരാണ് ഉരുൾപൊട്ടലിൽ മരിച്ചതെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. മാർട്ടിൻ, അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തിൽ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാർത്ഥികളാണ്. ഇവരിൽ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചിൽ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.