ട്രാൻസ്‌ജെൻഡർ യുവതിയുമായുള്ള സൗഹൃദം; യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ട്രാൻസ്‌ജെൻഡർ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. അക്രമത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്കും കുത്തേറ്റു. 35 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെൻട്രൽ ഡൽഹിയിലെ പഹാർഗഞ്ച് മേഖലയിലാണ് സംഭവം.
ഗുഡ്ഡു കുമാർ (33) ആണ് മരിച്ചതെന്ന് പഹർഗഞ്ച് പൊലീസ് അറിയിച്ചു. കുത്തേറ്റ കിന്നർ സുനിത (22)യെ ഗുരുതരാവസ്ഥയിൽ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരം സുനിത നേരത്തെ പ്രതി അനിലിനൊപ്പം താമസിച്ചിരുന്നു. ഇതിനിടയിൽ 40,000 രൂപയുടെ ആഭരണങ്ങൾ വാങ്ങി നൽകി. എന്നാൽ പിന്നീട് സുനിത ഗുഡ്ഡുവിനൊപ്പം ജീവിക്കാൻ തുടങ്ങി.
ഇത് അനിലിനെ ചൊടിപ്പിച്ചു. സുനിതയിൽ നിന്ന് മാറി നിൽക്കാൻ ഗുഡുവിനോട് ആവശ്യപ്പെട്ടു. ഇതുകൂടാതെ സുനിതയോട് തന്റെ 40,000 രൂപ മടക്കി നൽകാനും പറഞ്ഞു. പിന്നാലെ വഴക്കുണ്ടാക്കുകയും വഴക്കിനിടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗുഡ്ഡു മരിച്ചതായി സ്ഥിരീകരിച്ചു. പ്രതി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.