ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി വാങ്ങുമെന്ന് ഭക്ഷ്യമന്ത്രി; നടപടി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍
അരിവില കുതിച്ചുയരുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാന്‍ നീക്കവുമായി കേരളം.ആന്ധ്ര സിവില്‍ സപ്ലൈസില്‍ നിന്ന് അരി വാങ്ങുന്നതിനായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. വില പിടിച്ചു നിര്‍ത്താനും ഗുണമേന്മയുള്ള അരി ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാനാണ് ആലോചന.ഇതിനായി ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും.
ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, ആന്ധ്രാ ഭക്ഷ്യ മന്ത്രിയുമായി നാളെ കൂടി കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ജയ ഉള്‍പ്പെടെയുള്ള അരി ഇനങ്ങള്‍ ആന്ധ്രാ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നേരിട്ട് വാങ്ങാന്‍ ആണ് നീക്കം.