Saturday, April 12, 2025
National

ട്രാൻസ്‌ജെൻഡറിന്റെ മൃതദേഹം രണ്ട് കഷ്ണങ്ങളാക്കിയ നിലയിൽ; പ്രതി അറസ്റ്റിൽ

ട്രാൻസ്ജെൻഡർ യുവതിയെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ. ഓഗസ്റ്റ് 28 മുതൽ കാണാതായ മൊഹ്‌സിൻ എന്ന സോയ കിന്നർ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.

ഇൻഡോറിലെ സ്കീം നമ്പർ 134 ഏരിയയിൽ ചൊവ്വാഴ്ചയാണ് പാതി മുറിച്ചുമാറ്റിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ മുകൾഭാഗം ഇല്ലാത്തതിനാൽ ഇരയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൃതദേഹം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മൃതദേഹത്തിന് വലിയ പഴക്കമില്ലാത്തതിനാൽ, 3 ദിവസം മുമ്പ് കാണാതായവരുടെ ലിസ്റ്റ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ കാലിൽ കെട്ടിയ ചുന്നിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ സോയയെ തിരിച്ചറിഞ്ഞു. തുടർ അന്വേഷണം പ്രതി നൂർ മുഹമ്മദിന്റെ വീട്ടിലേക്ക് പൊലീസിനെ നയിച്ചു.

മൃതദേഹത്തിൻ്റെ ബാക്കി ഭാഗം പ്രതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ഇതോടെയാണ് കേസിലെ ചുരുൾ അഴിഞ്ഞത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന പ്രതി സോഷ്യൽ മീഡിയ വഴിയാണ് ട്രാൻസ്ജെൻഡർ യുവതിയെ പരിചയപ്പെടുന്നത്. നേരിട്ട് കാണുന്നതിന് വേണ്ടി സോയയെ വീട്ടിലേക്ക് ക്ഷണിച്ചു.

എന്നാൽ സോയ ട്രാൻസ്‌ജെൻഡറാണെന്ന് നൂർ മുഹമ്മദ് മനസിലാക്കിയതോടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും, തുടർന്ന് മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇയാൾ സോയയുടെ മൃതദേഹം രണ്ടായി മുറിച്ച് ഒരു കഷണം ചാക്കിൽ നിറച്ച് ബൈപ്പാസിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. മറുഭാഗം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *