കതിഹാർ ബോട്ടപകടം: മരണം 9, ഇന്ന് 7 മൃതദേഹങ്ങൾ കണ്ടെടുത്തു
ബിഹാറിലെ കതിഹാർ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. ഇന്ന് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. എസ്ഡിആർഎഫിന്റെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ബരിതാനയിലെ ബരാണ്ടി നദിയിൽ ശനിയാഴ്ചയാണ് ബോട്ട് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെയാണ് 5 വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മുങ്ങിമരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. മുങ്ങൽ വിദഗ്ധരുടെയും SDRF ന്റെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കതിഹാറിലെ ജില്ലാ മജിസ്ട്രേറ്റ് ഉജ്ജയിൻ മിശ്ര പറയുന്നതനുസരിച്ച് ബോട്ടിൽ ആകെ 10 പേർ ഉണ്ടായിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കർഷകരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ 2 പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. രാത്രി ഏറെ വൈകും വരെ ധാരാളം നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു