Saturday, January 4, 2025
Kerala

ക്ലിഫ് ഹൗസിലെ നിന്തല്‍കുളം മോടിപിടിപ്പിക്കല്‍: 6 വര്‍ഷത്തിനിടെ ചെലവഴിച്ചത് 31,92,360 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്തല്‍കുളം നവീകരിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ. 2016 മുതൽ നിന്തൽ കുളത്തിന് ചെലവഴിച്ചത് 31,92,360 രൂപയെന്നാണ് വിവരാവകാശ രേഖ. നിയമസഭയിലടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറച്ചുവച്ച കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് ചെലവഴിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്ത് വരുന്നത്.

പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18, 06, 789 രൂപയായി. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂമ് നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാ‌ര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത്.

ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന് എത്ര രൂപ ചെലവായെന്ന് പ്രതിപക്ഷം നിയമസഭയിലടക്കം നിരവധി തവണ ചോദിച്ചിട്ടും സർക്കാ‍ർ മറുപടി നൽകാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. നിത്യചെലവുകൾക്ക് പോലും തുകയില്ലാതെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കെ മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടുന്നതിനും ഔദ്യോഗിക വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനും തുക ചെലവഴിക്കുന്നത് വലിയ വിവാദമാണ്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനും ചുറ്റുമതിലിനും ലിഫ്റ്റിനും തുക വകയിരുത്തിയതിലും വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് നീന്തൽകുള നവീകരണത്തിന്‍റെ കണക്ക് പുറത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *