‘മഹാത്മാഗാന്ധിയുമായി എന്നെ താരതമ്യം ചെയ്യരുത്’; രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കും മാർഗ നിർദ്ദേശവുമായി രാഹുൽ ഗാന്ധി. തന്നെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യരുതെന്നും നെഹ്‌റുവും രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രാജ്യത്തിന് വേണ്ടി ചെയ്തത് കാര്യങ്ങൾ എല്ലാ യോഗങ്ങളിലും ആവർത്തിച്ച് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“ദോത്തസ്‌രാജി (ഗോവിന്ദ് സിംഗ് ദോതസാര) എന്നെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തു. ഇത് തികച്ചും തെറ്റാണ്. അദ്ദേഹം ഒരു മഹാനായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹം 10-12 വർഷം ജയിലിൽ കിടന്നു. അദ്ദേഹത്തെ പോലെ നിലപാട് സ്വീകരിക്കാൻ ആർക്കും കഴിയില്ല, ഇതാണ് ഒന്നാമത്തെ കാര്യം….”- രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ടാമത് പറയാനുള്ളത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്? അവർ രാജ്യത്തിന് ഒരുപാട് നന്മകൾ ചെയ്തു, അവർ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി തുടങ്ങിയ കാര്യങ്ങൾ എല്ലാ യോഗത്തിലും പാർട്ടിക്കാർ പറയരുത്”-രാഹുൽ കൂട്ടിച്ചേർത്തു. പ്രവർത്തകർ ജനങ്ങൾക്ക് വേണ്ടി എന്തുചെയ്യാനാകുമെന്ന് സംസാരിക്കണമെന്നും അതാണ് കൂടുതൽ പ്രധാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, മഹാത്മാഗാന്ധി എന്നിവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു. നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനങ്ങൾക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാണ് നല്ലത്.”- രാഹുൽ കൂട്ടിച്ചേർത്തു.