റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട; ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
റോഡ് വികസനം കുഴപ്പമാകുമെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും വികസനത്തിന് വേണ്ടി ആരും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഡ്കരി ഗോഡ് വികസനത്തിന് താത്പര്യം എടുത്ത് ഒപ്പം നിന്നുവെന്നും ഇതിന് അദ്ദേഹത്തോട് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കലിന് 5580 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. കേരളം മാത്രമാണ് 25 ശതമാനം വഹിക്കുന്നത്. വി. മുരളീധരൻ പറഞ്ഞത് പോലെ ഈ 25 ശതമനം മറ്റ് സസ്ഥാനങ്ങൾ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം മേൽപ്പാലം വന്നത് ബിജെപി നൽകിയ നിവേദനത്തെ തുടർന്നാണെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ പറഞ്ഞു. വലിയ പദ്ധതി സമ്മാനിച്ച പ്രധാനമന്ത്രിക്കും നിതിൻ ഗഡ്കരിക്കും നന്ദി പറയുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രം നൽകുന്നത്. സമയബന്ധിതമായി കഴക്കൂട്ടം മേൽപ്പാലം പൂർത്തിയാക്കിയതിനും നിതിൻ ഗഡ്കരിയോട് നന്ദി പറയുകയാണ്. ദേശീയപാതയുടെ മുഴുവൻ നിർമാണ ചെലവും കേന്ദ്രമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയുടെ വികസനത്തിന് മികച്ച റോഡുകൾ വേണമെന്ന് മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. കേരളത്തിൽ വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണ്. ഭൂമി ഏറ്റെടുക്കലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശശി തരൂരാണ് ദേശീയ പാത വികസനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടത്. ദേശീയ പാത വികസനം വഴി കേരളത്തിന്റെ മുഖച്ഛായ മാറും. കേരളത്തിലൂടെ വ്യവസായ ഇടനാഴി കടന്നുപോകുന്നതിലും സന്തോഷമുണ്ട്.
മുബൈ – കന്യാകുമാരി വ്യാവസായിക – സാമ്പത്തിക ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. അരൂർ ആകാശപാത രാജ്യത്തെ ഏറ്റവും നീളം കൂടിയതാണ്. ഇതിന് പുറമെ കൊച്ചി – തൂത്തുക്കുടി ഇടനാഴിയും നിലവിൽ വരും. മൈസൂർ – മലപ്പുറം ഇടനാഴിയാണ് മൂന്നാമത്തേത്. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് വളരെ പ്രധാനപ്പെട്ടതാണെന്നും 2023 മാർച്ചിന് മുൻപ് പദ്ധതിക്ക് പണം നൽകുമെന്നും മുരളീധരൻ വ്യക്തമാക്കി.