സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ മുഖ്യമന്ത്രിയുടെ വിദേശയാത്ര; കണക്ക് പുറത്ത് വിടണമെന്ന് കെ.സുരേന്ദ്രൻ
മുഖ്യമന്ത്രിയും സംഘവും ഒക്ടോബർ മാസം നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാന സർക്കാർ പുറത്ത് വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്ത് വിടാത്തത് ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് സർക്കാർ മറുപടി പറയണം. നിത്യ ചിലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ എൽഡിഎഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്.
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർദ്ധിപ്പിക്കുകയാണ്. കടം വാങ്ങി ശമ്പളവും പെൻഷനും നൽകുന്ന സർക്കാർ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം ധൂർത്തും നടത്തുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ ധൂർത്തിന്റെ പൂർണവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.