Thursday, January 23, 2025
Kerala

വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിന്; മന്ത്രി കെ.എൻ. ബാലഗോപാൽ

വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും ജനങ്ങളുടെ ഒരു അവകാശവും ഇല്ലാതാക്കില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണ്. ക്ലിഫ് ഹൗസിലെ കുളത്തിൽ കയറാൻ ആഗ്രഹിക്കുന്നവർ ബർമുഡയിട്ട് മറ്റു കുളങ്ങൾ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.

ക്ലിഫ് ഹൗസിലെ കുളത്തിൽ ജനങ്ങൾ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാൽ അത് നാണക്കേടാണെന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ നജീബ് കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ബാലഗോപാൽ ബർമുഡയിട്ട് മറ്റു കുളങ്ങൾ അന്വേഷിച്ചാൽ മതിയെന്ന പരാമർശം നടത്തിയത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായം അങ്ങേയറ്റം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമർശിച്ചിരുന്നു. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതിന് ചില്ലറ ധൈര്യം പോരായെന്നും മന്ത്രി പരിഹസിച്ചു.

ജി.എസ്.ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്രം നല്‍കിവന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ ജൂണില്‍ നിര്‍ത്തലാക്കിയതോടെ പ്രതിവര്‍ഷം 12,000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തില്‍ ഇടിവുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *