Wednesday, January 8, 2025
World

ഉക്രെയ്‌നില്‍ വ്യോമസേന വിമാനം തകര്‍ന്ന് കേഡറ്റുകള്‍ അടക്കം 22 പേര്‍ മരിച്ചു

കീവ്: ഉക്രെയ്‌നില്‍ വ്യോമസേയുടെ വിമാനം തകര്‍ന്ന് സൈനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉക്രെയ്‌നിലെ കിഴക്കന്‍ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.50നായിരുന്നു സംഭവം. ചുഹൂവ് സൈനിക വ്യോമതാവളത്തില്‍നിന്ന് പറന്നുയര്‍ന്ന അന്റനോവ് -26 വിമാനമാണ് തകര്‍ന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

21 സൈനിക കേഡറ്റുകളും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്‌ചെങ്കോ പറഞ്ഞു. വിമാനം തര്‍ന്നയുടനെ തീപ്പിടിച്ചിരുന്നു. ഒരുമണിക്കൂറിനുശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്.

അപകടം ഞെട്ടലുളവാക്കുന്നതാണെന്നും വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ശനിയാഴ്ച പ്രദേശം സന്ദര്‍ശിക്കുമെന്നും വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ അടിയന്തരമായി നിയോഗിക്കുമെന്നും ജെറാഷ്‌ചെങ്കോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *