Tuesday, January 7, 2025
National

എസ്പിബിക്ക് ഇന്ന് യാത്രാമൊഴി; സംസ്‌കാരം പൂര്‍ണ ഔദ്യോഗികബഹുമതികളോടെ ചെന്നൈയില്‍

ചെന്നൈ: അന്തരിച്ച ഇതിഹാസഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതലോകം യാത്രാമൊഴി നല്‍കും. ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ റെഡ് ഹില്‍സിലെ എസ് പി ബിയുടെ ഫാം ഹൗസില്‍ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയില്‍നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസിലെത്തിച്ചു.

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണെത്തിയത്. പ്രിയഗായകനെ ഒരുനോക്കുകാണാനായി ആരാധകര്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഇവിടത്തെ പൊതുദര്‍ശനം ഇടയ്ക്കുവച്ച് അവസാനിപ്പിക്കുകയായിരുന്നു. പോലിസ് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് രാത്രിയില്‍ ഭൗതികശരീരം റെഡ് ഹൗസിലേക്ക് മാറ്റിയത്.

കൊവിഡ് സുരക്ഷാചട്ടങ്ങള്‍ പാലിച്ച് ഇവിടെ പൊതുദര്‍ശനം തുടരുകയാണ്. ഇന്ന് രാവിലെ സത്യം തിയറ്ററില്‍ പൊതുജനങ്ങള്‍ക്കായി പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. രാഷ്ട്രീയസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ ഇന്നും ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. ആഗസ്ത് അഞ്ചിനാണ് കൊവിഡ് ബാധിച്ച് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *