Saturday, October 19, 2024
National

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 10 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. രണ്ടുപേര്‍കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ 10 ആയി ഉയര്‍ന്നത്. ഇരുപത്തിയഞ്ചോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച പലര്‍ച്ചെ 3.40ന് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നുവീണത്.

ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുകുട്ടി ഉള്‍പ്പെടെ 31 പേരെ രക്ഷപ്പെടുത്തിയതായി താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ദേശീയ ദുരന്തനിവാരണസേനയുടെ 30 അംഗങ്ങള്‍ അടക്കം 40 രക്ഷാപ്രവര്‍ത്തകരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

പ്രത്യേക ഉപകരണങ്ങളും സ്‌നിഫര്‍ നായ്ക്കളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ സത്യനാരായണ പ്രധാന്‍ ട്വീറ്റ് ചെയ്തു. 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ 20 ഓളം കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് റിപോര്‍ട്ടുകള്‍. കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published.