Saturday, April 12, 2025
National

മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് അപകടം: മരണസംഖ്യ 16 ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ പട്ടേല്‍ കോമ്പൗണ്ടിലുള്ള മൂന്നുനില കെട്ടിടം തകര്‍ന്നത്. 43 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 40 ഫ്‌ളാറ്റുകളിലായി 150 പേരാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടന്‍ എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മരിച്ചവരില്‍ രണ്ടുവയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.

 

അപകടത്തില്‍ 21 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണസേനയുടെ 30 അംഗങ്ങള്‍ അടക്കം 40 രക്ഷാപ്രവര്‍ത്തകരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും പത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയിക്കുന്നത്. പ്രത്യേക ഉപകരണങ്ങളും സ്നിഫര്‍ നായ്ക്കളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്ന് എന്‍ഡിആര്‍എഫ് സംഘം അറിയിച്ചു.

 

തകര്‍ന്ന കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലായിരുന്നില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് ടൈസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡീഷനല്‍ കമ്മീഷണര്‍ ഓംപ്രകാശ് ദിവ്‌തെയുടെ നേതൃത്വത്തില്‍ പ്രത്യകസമിതിയെ നിയോഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *