Saturday, January 4, 2025
World

വീണ്ടും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; പ്രതിരോധം തീർത്ത് പ്രവർത്തകർ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നിലെത്തിയ പൊലീസിനെ പിടിഐ പാർട്ടി പ്രവർത്തർ തടഞ്ഞു. ഇവർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തുന്നത്.

പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച സംഭാവനകളും സമ്മാനങ്ങളും അനധികൃതമായി വിറ്റ് പണം സംബന്ധിച്ചു എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. ഇത്തരത്തിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് നിശ്ചിത തുകയിൽ കുറവാണ് മൂല്യമെങ്കിൽ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ ഖജനാവിലേക്ക് മാറ്റും. പിന്നീട് ഈ സമ്മാനങ്ങളുടെ 50 ശതമാനം നൽകി ഇവ വാങ്ങാനാകും. എന്നാൽ ഇമ്രാൻ 20 ശതമാനം വരെ കുറച്ച് വാങ്ങി ഇവ പിന്നീട് മറിച്ചുവിറ്റു എന്നതാണ് ആരോപണം. ഇത് കൂടാതെ ഭീകരവാദ ഫണ്ടിംഗ്, വിദേശത്തു നിന്ന് സംഭാവന സ്വീകരണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളും അദ്ദേഹത്തിന് ഉണ്ട്.

ഈ മാസം അഞ്ചിനും ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു സാധിച്ചില്ല. വാറന്റുമായി ഇമ്രാൻ ഖാന്റെ വസതിയിലെത്തിയെത്തിയ പൊലീസിന് കനത്ത പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. മാർച്ച് ഏഴിനാണ് അറസ്റ്റ് ചെയ്യാനുള്ള സമയപരിധി അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *