പാകിസ്ഥാൻ സംഘർഷഭരിതം, മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിൽ; ചെറുക്കാൻ അനുയായികൾ
ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വസതിയിലെത്തിയതോടെ പാകിസ്ഥാനിലെ സാഹചര്യം സംഘർഷഭരിതമായി. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇമ്രാൻ ഖാന്‍റെ വസതിയിൽ അറസ്റ്റ് വാറന്‍റുമായി ഇസ്‌ലാമാബാദ് പൊലീസാണ് എത്തിയത്. ഇതോടെ പ്രവർത്തകരുടെ വലിയ നിരയാണ് ഇമ്രാന്‍റെ വസതിയിലേക്ക് ഒഴുകുന്നത്. അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാർ അക്രമാസക്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തോഷഖാന കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.