ഇന്ത്യയിലേക്ക് താരങ്ങളെ അയക്കുന്നതിൽ ഞങ്ങൾക്കും സുരക്ഷാ ആശങ്കയുണ്ട്: പിസിബി
ഏകദിന ലോകകപ്പിൽ പാകിസ്താൻ ടീം പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നില്ല. പാകിസ്താൻ വേദിയാവുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിച്ചില്ലെങ്കിൽ ഏകദിന ലോകകപ്പിൽ പാകിസ്താനും പങ്കെടുക്കില്ലെന്നാണ് പിസിബി ചെയർമാർ നജാം സേഥിയുടെ വാദം. നേരത്തെ ഇക്കാര്യത്തിൽ മൗനത്തിലായിരുന്ന സേഥി തിങ്കളാഴ്ചയാണ് പിസിബിയുടെ നിലപാട് വ്യക്തമാക്കിയത്.
“മറ്റ് ടീമുകൾക്ക് പാകിസ്താനിലേക്ക് വരാൻ യാതൊരു പ്രശ്നവുമില്ല. പിന്നെ എന്തിനാണ് ഇന്ത്യ സുരക്ഷയിൽ ഭയക്കുന്നത്. ഇങ്ങനെ, ഇന്ത്യയിലേക്ക് ലോകകപ്പിനായി ടീമിനെ അയക്കുന്നതിൽ ഞങ്ങൾക്കും ഭയമുണ്ട്. വരുന്ന ഐസിസി യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കും. ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്നില്ല. കാരണം, ഏഷ്യാ കപ്പ് നടത്താൻ ഞങ്ങളാരംഭിക്കുന്നു. ഇത് ഏഷ്യാ കപ്പും ലോകകപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല. 2025ൽ പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട കാര്യം കൂടിയാണ് ഇത്.”- സേഥി പറഞ്ഞു.