ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി
ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട്
മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു
കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.