പെട്ടിമുടി ദുരന്തം: നാല് പേർ മരിച്ചു, നാല് പേരെ രക്ഷപ്പെടുത്തി; നിരവധി പേർ മണ്ണിനടിയിൽ
മൂന്നാർ രാജമല പെട്ടിമുടിയിൽ തോട്ടം തൊഴിലാളികളുടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നാല് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് രക്ഷപ്പെടുത്തിയത് ഇവരെ മൂന്നാർ ആശുപത്രിയിൽ എത്തിച്ചു
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രാജമലയിൽ ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു. പിന്നാലെ പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മേഖലയിലേക്ക് എത്തുന്നതും ദുഷ്‌കരമാണ്.
നാല് ലയങ്ങളിലായി 84 പേർ താമസിച്ചിരുന്നുവെന്നാണ് അറിയാനാകുന്നത്. കഴിഞ്ഞ നാല് ദിവസമായി മേഖലയിൽ വൈദ്യുതിയില്ലാത്തതും ആശയവിനിമയത്തെ സാരമായി ബാധിക്കുന്നുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇതുവരെ അളക്കാനായിട്ടില്ല