ഉത്തരാഖണ്ഡ് അപകടം: മരണസംഖ്യ 26 ആയി; 197 പേരെ ഇനിയും കണ്ടെത്തണം
ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവരിൽ 26 പേരുടെ മൃതദേഹങ്ങൾ കിട്ടി. രുദ്രപ്രയാഗ് മേഖലയിൽ നിന്നാണ് മൃതദേഹങ്ങളിൽ കൂടുതലും കിട്ടിയത്. 32 പേരെ രക്ഷപ്പെടുത്തി.
171 പേരെ കാണാതായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം 197 പേരെ കുറിച്ച് വിവരം ലഭിക്കാനുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേന പറയുന്നു. രണ്ട് തുരങ്കങ്ങളിലാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നത്. ഇതിനുള്ളിലേക്ക് ചെളിയും വെള്ളവും നിറഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്നത്.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ചമോലിയിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനക്കൊപ്പം കരസേനയും ഐടിബിപിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു.