33 വർഷം മുടി വെട്ടിയില്ല; നീളൻ തലമുടിയ്ക്ക് ലോകറെക്കോർഡ് നേടി 58 കാരി
ഏറ്റവും നീളമുള്ള മുള്ളറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ വനിത. തലമുടിയുടെ മുൻഭാഗവും ഇരു വശങ്ങളും തീരെചെറുതായി വെട്ടിയൊതുക്കുകയും പുറകിലേക്കു മാത്രം നീട്ടി വളർത്തുകയും ചെയ്ത പണ്ട് വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന ഹെയർ സ്റ്റൈലാണിത്. 58 വയസ്സുള്ള ടാമി മാനിസ് എന്ന വനിതയാണ് ഈ ലോകറെക്കോർഡ് നേടിയിരിക്കുന്നത്. 172.72 സെന്റിമീറ്ററാണ് മുടിയുടെ നീളം.
1980ൽ പുറത്തിറങ്ങിയ അമേരിക്കൻ റോക്ക് ബാൻഡായ ടിൽ ടുഡേയുടെ ഒരു മ്യൂസിക് വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാനിസ് മുടി വളർത്തിയത്. മാനിസ് 33 വർഷമായി മുടി മുറിച്ചിട്ടില്ല. ‘ആദ്യമായി ഈ ഹെയർസ്റ്റൈൽ പരീക്ഷിക്കാൻ പോയപ്പോൾ ഇത് എനിക്ക് ചേരില്ല എന്ന് പറഞ്ഞ് മറ്റൊന്ന് പരീക്ഷിക്കാനായിരുന്നു നിർദ്ദേശിച്ചത്. എന്നാൽ എനിക്ക് ഈ ഹെയർസ്റ്റൈൽ ആയിരുന്നു വേണ്ടത്. ആ തീരുമാനം തെറ്റിയില്ലെന്നു ടാമി പറയുന്നു.
നീളമുള്ള മുടിയായതുകൊണ്ട് സംരക്ഷിക്കാൻ ബുദ്ധിമുട്ടാണ്. എക്സ്ട്രാ കെയർ നൽകുകയും വേണം. ബൈക്ക് യാത്രകളിൽ മുടിയുടെ അറ്റം പാന്റിന്റെ ബെൽറ്റിനോടൊപ്പം ചേർത്തുവച്ചാണ് ടാമി സഞ്ചരിക്കാറുള്ളത്.