മുടി കൊഴിച്ചിലുണ്ടോ ? എങ്കിൽ ഈ 5 കാര്യങ്ങൾ ചെയ്യുന്നത് നിർത്തണം
ലോകമെമ്പാടുമുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. കാലാവസ്ഥ, മലിനീകരണം, സമ്മർദം, ഭക്ഷണം എന്നിവയെ ആശ്രയിച്ചാണ് മുടിയുടെ ആരോഗ്യം. പക്ഷേ ഈ ഘടകങ്ങളെല്ലാം അനുകൂലമാണെങ്കിൽ പോലും ചിലപ്പോൾ വീണ്ടും മുടി കൊഴിച്ചിൽ അനുഭവപ്പെട്ടേക്കാം. ഇതിനൊരു അവസാനം കാണണമെങ്കിൽ നിങ്ങൾ ചെയ്ത് പോരുന്ന ചില കാര്യങ്ങൾ അടിയന്തരമായി നിർത്തിയേ പറ്റൂ.
അമിതമായി മുടി കഴുകുന്നത്
തലയോട്ടിയുടെ വൃത്തിയാണ് മുടിയുടെ ആരോഗ്യം. അതുകൊണ്ട് തന്നെ അഴുക്കടിയാതെ നോക്കണം. പക്ഷേ, അധികമായാൽ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ അമിതമായി മുടി കഴുകുന്നതും വിപരീത ഫലം ചെയ്‌തേക്കാം.
തല കഴുകുന്നത് അമിതമാകുന്നത് തലയോട്ടിയുടെ ചർമത്തിലെ എണ്ണമയം നഷ്ടപ്പെടുന്നതിന് കാരണമാകുകയും ഇത് മുടി കൊഴിയുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ടവൽ കൊണ്ട് മുടിയുണക്കുന്നത്
തോർത്ത് കൊണ്ട് മുടി ഉരച്ച് തുടയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ പതിവും അവസാനിപ്പിക്കണം. സാധാരണ തോർത്തിന് പകരം മൈക്രോഫൈബർ ടവൽ പോലുള്ളവ ഉപയോഗിച്ച് മുടി ഉണക്കാം.
സ്‌റ്റൈലിംഗ് വസ്തുക്കളുടെ ഉപയോഗം
ബ്ലോ ഡ്രയർ, സ്‌ട്രെയ്റ്റനറുകൾ, കേർളർ എന്നിവ അമതിമായി ഉപയോഗിക്കുന്നത് ഹെയർ ഫോളികിൾസിനെ തകരാറിലാക്കും. സ്‌റ്റൈലിംഗ് ടൂൾസ് അടക്കടി ഉപയോഗിക്കേണ്ടി വന്നാൽ ചൂട് കുറഞ്ഞ നല്ല ഗുണനിലവാരമുള്ള ടൂളുകൾ ഉപയോഗിക്കുക. ഒപ്പം ഹീറ്റ് പ്രൊട്ടക്ടന്റ് ജല്ലുകളോ സ്‌പ്രേയോ ഉപയോഗിക്കണം.
നനഞ്ഞ മുടി ചീകുന്നത്
നനഞ്ഞ മുടി ചീകാൻ പാടില്ല. മുടി ഉണങ്ങിയ ശേഷം പല്ലകലമുള്ള ചീപ്പ് കൊണ്ട് വേണം മുടി ചീകാൻ.
ഇറുക്കിയ ബാൻഡുകൾ
മുടി കെട്ടിവയ്ക്കുമ്പോൾ ഇറുകിയ ഹെയർ ബാൻഡുകളും ക്ലിപ്പുകളും ഉപയോഗിക്കരുത്. സാറ്റിൻ സ്‌ക്രഞ്ചികൾ ഉപയോഗിക്കണം.