അകത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ എയർഹോസ്റ്റസിൻ്റെ മൃതദേഹം; തൂപ്പുകാരൻ പിടിയിൽ
അകത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കഴുത്തറുത്ത നിലയിൽ എയർഹോസ്റ്റസിൻ്റെ മൃതദേഹം. ഛത്തീസ്ഗഡ് സ്വദേശിനിയായ 25 വയസുകാരി രൂപൽ ഓഗ്രേയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എയർ ഇന്ത്യയിൽ ജോലി കിട്ടിയ രൂപൽ ഇക്കൊല്ലം ഏപ്രിലിലാണ് മുംബൈയിലേക്ക് താമസം മാറ്റിയത്.
അന്ധേരിയിലെ ഫ്ലാറ്റിൽ സഹോദരിക്കും കാമുകനുമൊപ്പമായിരുന്നു രൂപലിൻ്റെ താമസം. എന്നാൽ ഒരാഴ്ചയ്ക്ക് മുൻപ് ഇരുവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റിലെ തൂപ്പുകാരനായ വിക്രം അത്‌വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച രൂപലിനെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്ന കണ്ട മാതാപിതാക്കൾ മുംബൈയിലെ യുവതിയുടെ സുഹൃത്തുക്കളെ വിവരമറിയിച്ചു. സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോളിംഗ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പൂട്ടുപൊളിച്ച് അകത്തുകടന്നപ്പോൾ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രൂപലിൻ്റെ കഴുത്ത് അറുത്ത നിലയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ ബലാത്സംഗത്തിൻ്റേതായ തെളിവുകളില്ലെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുൻപ് ഫ്ലാറ്റിലെ ജോലിക്കാരിയും രൂപലുമായി വാക്കുതർക്കമുണ്ടായിരുന്നു. വിക്രം അത്‌വാളിൻ്റെ ഭാര്യയാണ് ജോലിക്കാരി. വിക്രം ഇതിൻ്റെ പ്രതികാരം ചെയ്തതാവാമെന്ന് പൊലീസ് പറയുന്നു. യുവതിയെ ആക്രമിക്കവെ ഇയാളുടെ തലയിൽ മുറിവുണ്ടായെന്നും പൊലീസ് പറയുന്നു.