ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും.
—
ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് ഇത്. ആർമി ഗ്രീൻ അടുത്ത മത്സരത്തിൽ വിജയിച്ചാലും അവർക്ക് 7 പോയിൻ്റേ ഉണ്ടാവൂ. ക്വാർട്ടർ യോഗ്യതയ്ക്ക് ഹെഡ് ടു ഹെഡ് റെക്കോർഡാണ് കണക്കാക്കുന്നത് എന്നതിനാൽ ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കും. ഇതോടൊപ്പം, ആർമി ഗ്രീനിൻ്റെ അവസാന മത്സരം കരുത്തരായ ഒഡീഷ എഫ്സിക്കെതിരെയാണ്. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ഒഡീഷയ്ക്കെതിരെ ആർമി ഗ്രീൻ വിജയിക്കാൻ സാധ്യതയില്ല.