ചാമ്പ്യൻമാർ വീണു: പോർച്ചുഗലിനെ പരാജയപ്പെടുത്തി ബെൽജിയം യൂറോ കപ്പ് ക്വാർട്ടറിൽ
യൂറോ കപ്പിൽ ബെൽജിയം ക്വാർട്ടറിൽ. പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബെൽജിയത്തിന്റെ ജയം. 42ാം മിനിറ്റിൽ തോർഗൻ ഹസാർഡ് നേടിയ ലോംഗ് റേഞ്ചർ ഗോളാണ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.
മത്സരത്തിൽ ആധിപത്യം പുലർത്തിയത് പോർച്ചുഗലായിരുന്നു. 23 ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് പായിച്ചെങ്കിലും ഒരെണ്ണം പോലും വലയിൽ വീഴ്ത്താൻ പക്ഷേ അവർക്കായില്ല. ഗോളെന്നുറപ്പിച്ച ഷോട്ട് ആകട്ടെ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. നിർഭാഗ്യമാണ് പോർച്ചുഗലിനെ വേട്ടയാടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡിയോഗോ ജോട്ടക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 25ാം മിനിറ്റിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഫ്രീകിക്ക് ബെൽജിയം ഗോളി തട്ടിയകറ്റി. 58ാം മിനിറ്റിലും ജോട്ട അവസരം കൊണ്ടുപോയി കളഞ്ഞു. 83ാം മിനിറ്റിലാണ് ഗുറെയ്‌റോയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത്.
ആദ്യ ഗോൾ വീണതിന് പിന്നാലെ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിക്കുന്ന പോർച്ചുഗലിനെയാണ് കണ്ടത്. ബെൽജിയം ബോക്‌സിൽ നിരന്തരം പോർച്ചുഗൽ താരങ്ങൾ പറന്നെത്തി. അവസാന മിനിറ്റിൽ വരെ സമനിലക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒടുവിൽ നിരാശയായിരുന്നു ഫലം.