പരിശ്രമം വെറുതെയായില്ല; വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടറിൽ കടന്നു
വിജയ് ഹസാരെ ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടറിലെത്തിയത്. യുപിയും ഇതേ രീതിയിൽ ക്വാർട്ടറിലെത്തി. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക, മുംബൈ, സൗരാഷ്ട്ര എന്നീ ടീമുകൾ നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു
ഗുജറാത്തിനെതിരെ ബറോഡ ഇന്നലെ തോറ്റതും രാജസ്ഥാനെതിരെ ജയിച്ചിട്ടും റൺ റേറ്റിൽ ഡൽഹി പിന്നിലായതുമാണ് കേരളത്തിന് തുണയായത്. അതേസമയം ക്വാർട്ടറിലെ എട്ടാം ടീമാകാൻ ഡൽഹിയും ഉത്തരാഖണ്ഡും തമ്മിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. ഗ്രൂപ്പ് ജേതാക്കളായ കർണായകയോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്. അവസാന മത്സരത്തിൽ ബീഹാറിനെ കേരളം അടിമുടി തകർത്തിരുന്നു. ബീഹാറിനെ 148 റൺസിന് എറിഞ്ഞിടുകയും വിജയലക്ഷ്യം 53 പന്തുകൾ മാത്രമെടുത്ത് മറികടക്കുകയും ചെയ്തു.