യൂറോ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം: ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും
യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ സ്‌പെയിൻ സ്വിറ്റ്‌സർലാൻഡിനെ നേരിടും. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ രാത്രി 9.30നാണ് മത്സരം ആരംഭിക്കുന്നത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സ്വിറ്റ്‌സർലാൻഡ് ക്വാർട്ടറിലേക്ക് എത്തിയത്. ക്രൊയേഷ്യയെ തകർത്താണ് സ്‌പെയിൻ പട ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.
ഗോളടി വേട്ടയുടെ ആവേശത്തിലാണ് സ്പാനിഷ് പട. ഈ യൂറോയിൽ ഒരു മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ഒരേയൊരു ടീമും സ്‌പെയിനാണ്. എങ്കിലും ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് എത്തിയ സ്വിറ്റ്‌സർലാൻഡുമായുള്ള പോരാട്ടം അത്ര എളുപ്പമാകില്ലെന്ന് സെർജിയോ ബുസ്‌കറ്റ്‌സിനും സംഘത്തിനുമറിയാം.
രണ്ടാം മത്സരത്തിൽ ഇറ്റലിയും ബെൽജിയവും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മ്യൂണിക്കിലാണ് രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ പരാജയപ്പെടുത്തിയാണ് ബെൽജിയം ക്വാർട്ടറിലേക്ക് എത്തിയത്. ഓസ്ട്രിയയെ തകർത്താണ് ഇറ്റലി ക്വാർട്ടറിലേക്ക് എത്തിയത്. അവസാന 31 കളിയിൽ തോൽവി അറിയാതെ മുന്നേറുന്ന അസൂറിപ്പടക്ക് മുന്നിൽ ബെൽജിയം കനത്ത വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്.
അതേസമയം പരുക്കേറ്റ ഏഡൻ ഹസാർഡും പ്ലേ മേക്കർ കെവിൻ ഡിബ്രൂയിനും ഇന്ന് കളിച്ചേക്കില്ല. ബെൽജിയത്തിന് ഇത് വലിയ തിരിച്ചടിയാണ്. ലുക്കാക്കുവിന്റെ ഫോമിലാണ് ബൽജിയം പ്രതീക്ഷകളേറെയും