പ്രിയ വർഗീസിന്റെ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമന നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
നിയമന നടപടികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് കഴിഞ്ഞതവണ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ പ്രിയ വർഗീസിന്റെയും, യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. പ്രിയ വർഗീസിന് മിനിമം യോഗ്യതയായ എട്ടു വർഷത്തെ അധ്യാപന പരിചയമില്ല. യുജിസി വ്യവസ്ഥപ്രകാരമുള്ള റിസർച്ച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് ഉയർന്ന മാർക്ക് പ്രിയ വർഗീസിന് നൽകിയതെന്നും ഹർജിയിൽ ആരോപിച്ചു.
റിസേർച്ച് സ്‌കോർ, പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് കണ്ണൂർ സർവകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വർഗീസിന് ഉയർന്ന മാർക്ക് നൽകിയത് എന്നുൾപ്പെടെയാണ് ആരോപണം. ഹർജി പരിഗണിച്ച ശേഷം പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസിൽ യുജിസിയെ കക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തിൽ യുജിസിയുടെ നിലപാടും ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്.