വെംബ്ലിയിൽ ജർമൻ കണ്ണീർ: ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ
ലോക ഫുട്‌ബോളിന്റെ മെക്കയായ വെംബ്ലി സ്‌റ്റേഡിയത്തിൽ ജർമൻ കണ്ണുനീര്. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ പട തോറ്റ് പുറത്തായത്. സ്വന്തം കാണികൾക്ക് മുന്നിൽ ആർത്തിരമ്പി കളിച്ച ഇംഗ്ലണ്ടിനായി റഹീം സ്റ്റെർലിംഗ്, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഗോൾ നേടിയത്. സ്‌റ്റെർലിംഗ് ഗോൾ നേടിയ കളികളിലൊന്നും ഇംഗ്ലണ്ട് ജയിച്ചിട്ടില്ലെന്ന പേരുദോഷം കൂടി ഇന്നലെ മാറി
ജർമൻ കോച്ച് ജോക്വിം ലോയുടെ അവസാന മത്സരം കൂടിയായിരുന്നുവിത്. ഇന്നലത്തെ കളിയോടെ മരണഗ്രൂപ്പിലെ എല്ലാ ടീമുകളും യൂറോ കപ്പിൽ നിന്ന് പുറത്തായി. ഹംഗറി, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകൾ നേരത്തെ പുറത്തായിരുന്നു. ഇന്നലെ ജർമനി കൂടി പുറത്തായതോടെ മരണഗ്രൂപ്പ് എന്ന പേര് തന്നെ അന്വർഥമായി
കളിയുടെ തുടക്കം മുതലെ ജർമനിയാണ് ആക്രമണം അഴിച്ചുവിട്ടത്. ആദ്യ ഇരുപത് മിനിറ്റ് നേരം പ്രതിരോധത്തിലൂന്നിയാണ് ഇംഗ്ലണ്ട് കളിച്ചത്. എന്നാൽ പിന്നീട് കളി മാറി. 16ാം മിനിറ്റിൽ സ്റ്റെർലിംഗിന്റെ തകർപ്പൻ ഷോട്ട് ജർമൻ കീപ്പർ മാനുവൽ നോയർ തട്ടിയകറ്റുകയായിരുന്നു. 33ാം മിനിറ്റിൽ ജർമനി തിമോ വെർണറിലൂടെ ഗോളിനായി ശ്രമിച്ചെങ്കിലും ഇംഗ്ലീഷ് ഗോൾ കീപ്പറുടെ ഇടപെടൽ ഇത് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു
രണ്ടാം പകുതിയിൽ 75ാം മിനിറ്റിലാണ് ഇംഗ്ലണ്ട് സ്റ്റെർലിംഗിലൂടെ ലീഡ് സ്വന്തമാക്കുന്നത്. തൊട്ടുപിന്നാലെ മുള്ളർക്ക് ഗോൾ നേടാനുള്ള തകർപ്പൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. 86ാം മിനിറ്റിൽ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് തങ്ങളുടെ ലീഡ് ഉയർത്തി. ഷോ ഗ്രീലീഷിന്റെ ഷോട്ടിന് തല വെച്ച കെയ്‌ന് പിഴച്ചില്ല. നോയറെയും കബളിപ്പിച്ച് പന്ത് വലയിലേക്ക്.