ബെഹ്‌റക്ക് യാത്രയയപ്പ്: പുതിയ പോലീസ് മേധാവിയെ ഇന്നറിയാം
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. സുധേഷ് കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ് യു.പി.എസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത്. അനിൽകാന്തിന്റെ പേരിനാണ് സാധ്യത കൂടുതൽ.
കൂട്ടത്തിൽ സീനിയർ സുധേഷ് കുമാറാണ്. പക്ഷേ പോലീസുകാരനെ കൊണ്ട് ദാസ്യപ്പണി എടുപ്പിച്ചെന്ന വിവാദം സുധേഷ്‌കുമാറിന് തിരിച്ചടിയാണ്. പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വർഷം പൂർത്തിയാക്കാൻ അനുമതി നൽകണമെന്നാണ് സുപ്രീം കോടതിയുടെ വിധി. മൂന്ന് പേരിൽ സന്ധ്യക്ക് മാത്രമാണ് രണ്ട് വർഷം കാലാവധിയുള്ളത്. അനിൽ കാന്തിന് അടുത്ത ജനുവരി മാത്രമാണ് കാലാവധി. പക്ഷേ നിയമനം ലഭിച്ചാൽ രണ്ട് വർഷം തുടരാം.
സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് സേനാ അംഗങ്ങൾ രാവിലെ എട്ട് മണിക്ക് യാത്രയപ്പ് നൽകി. പുതിയ പോലീസ് മേധാവി ഇന്ന് വൈകുന്നേരത്തോടെ ചുമതലയേൽക്കും.