Tuesday, January 7, 2025
Sports

ഐഎസ്എൽ വിനോദ നികുതി: നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി കോർപ്പറേഷൻ നൽകിയ വിനോദ നികുതി നോട്ടീസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമെന്ന് കേരള ബ്ലാസ്റ്റേഴ്സ്. നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യമാണ്. നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷന് രേഖാമൂലം ബ്ലാസ്റ്റേഴ്സ് മറുപടി നൽകി

കൊച്ചിയിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 ഫുട്ബോൾ മത്സരങ്ങളുടെ വിനോദ നികുതിയുമായി ബന്ധപ്പെട്ടാണ് കോർപ്പറേഷൻ ക്ലബ്ബിന് നോട്ടീസ് നൽകിയത്. രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കേരളത്തിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കുൾപ്പെടെ വിനോദ നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്.

ഇതിനുപുറമെ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിന് വിനോദ നികുതി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുൻപാകെ റിട്ട് പെറ്റീഷനും നിലവിലുണ്ട്. അതുപ്രകാരം കൊച്ചി നഗരസഭ ഐഎസ്എൽ ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട വിനോദ നികുതി ഒടുക്കുന്നതിനായി നൽകിയിട്ടുള്ള നോട്ടീസും മറ്റ് നടപടികളും സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവിനും ഇത് സംബന്ധിച്ച് ബാധകമായ സർക്കാർ ഉത്തരവുകൾക്കും വിരുദ്ധമായിട്ടാണ് കൊച്ചി കോർപ്പറേഷൻ നിലവിൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നോട്ടീസ് അയച്ച കോർപ്പറേഷൻ നടപടി കോടതിയലക്ഷ്യവും നിയമപരമായി നിലനിൽക്കാത്തതുമാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കോർപ്പറേഷന് രേഖാമൂലം മറുപടി നൽകുകയും നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ക്ലബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *