പിഴത്തുക റദ്ദാക്കണം; മണിച്ചന് പിന്നാലെ കുപ്പണ മദ്യദുരന്തക്കേസ് പ്രതികളും സുപ്രിംകോടതിയിൽ
മണിച്ചന് പിന്നാലെ കുപ്പണ മദ്യദുരന്ത കേസ് പ്രതികളും സുപ്രിം കോടതിയിൽ. പിഴത്തുക റദ്ദാക്കി മോചനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കുപ്പണ മദ്യ ദുരന്ത കേസിലെ പ്രതിയും സുപ്രിം കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി തമ്പിയുടെ മോചനം തേടി മകളാണ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. 22 വർഷമായ് ജയിലിൽ ആയതിനാൽ പിഴതുക 9 ലക്ഷം ഒഴിവാക്കണമെന്നാണ് ആവശ്യം. ഹർജി നാളെ സുപ്രിം കോടതി പരിഗണിക്കും.
പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്.
22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നൽകിയത്.