കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം
കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ നാലാം മല്‍സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ കോവളം എഫ്.സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാര്‍ തകര്‍ത്തത്. ലീഗിലെ രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യതകളും നിലനിര്‍ത്തി. 17ന് നടക്കുന്ന അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ പ്രവേശിക്കാനായേക്കും. വ്യാഴാഴ്ച നടക്കുന്ന കേരള യുണൈറ്റഡിന്റെ മല്‍സര ഫലത്തെ ആശ്രയിച്ചാവും ഇത്.നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ്, രണ്ടു ജയവും ഓരോ വീതം തോല്‍വിയും സമനിലയുമായി പോയിന്റ് സമ്പാദ്യം ഏഴാക്കി ഉയര്‍ത്തി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ കുതിപ്പ്. വി എസ് ശ്രീകുട്ടന്‍(33), നഓറം ഗോബിന്ദാഷ് സിങ് (60), സുരാഗ് ഛേത്രി (75), ഒ എം ആസിഫ് (90+1) എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടു. ഷെറിന്‍ ജെറോം (28) കോവളം എഫ്‌സിക്കായി ആശ്വാസ ഗോള്‍ നേടി. ബ്ലാസ്റ്റേഴ്സിനായി ബാറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ സുരേഷാണ് കളിയിലെ താരം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് സച്ചിന്‍ സുരേഷ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കോവളം എഫ്‌സിക്കെതിരെ ഇറങ്ങിയത്. ക്യാപ്റ്റന്‍ ടി ഷഹജാസ്, അമല്‍ ജേക്കബ്, നിഹാല്‍ സുധീഷ് എന്നിവര്‍ക്ക് പകരം സലാഹുദ്ദീന്‍ അദ്നാന്‍, ഗലിന്‍ ജോഷി, ഇ സജീഷ് എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. സച്ചിന്‍ സുരേഷ്, വി ബിജോയ്, യൊഹെംബ മീട്ടെയ്, ഒ എം ആസിഫ്, സുരാഗ് ഛേത്രി, വി എസ് ശ്രീകുട്ടന്‍്,ഒ എം ആസിഫ് , ദീപ് സാഹ എന്നിവരായിരുന്നു മറ്റു താരങ്ങള്‍