2022-23 ആഭ്യന്തര സീസൺ; വേദികൾ തീരുമാനിച്ചു
2022-23 ആഭ്യന്തര ക്രിക്കറ്റ് സീസണിൽ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി തുടങ്ങി എല്ലാ പുരുഷ, വനിതാ ടൂർണമെൻ്റുകളും സീസണിലുണ്ടാവും. ഈ സീസൺ മുതൽ വനിതകളുടെ അണ്ടർ 15 മത്സരങ്ങളും നടക്കും.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ഒക്ടോബർ 11 മുതൽ നവംബർ 5 വരെയാണ്. വിജയ് ഹസാരെ ട്രോഫി നവംബർ 12 മുതൽ ഡിസംബർ 2 വരെ. ലക്നൗ, ഇൻഡോർ, രാജ്‌കോട്ട്, പഞ്ചാബ്, ജയ്പൂർ എന്നീ വേദികളിലാവും സയ്യിദ് മുഷ്താഖ് അലി ട്രോഫി ലീഗ് മത്സരങ്ങൾ നടക്കുക. മുംബൈ, ബെംഗളൂരു, ഡൽഹി, കൊൽക്കത്ത റാഞ്ചി എന്നിവിടങ്ങളിൽ വിജയ് ഹസാരെ ലീഗ് മത്സരങ്ങൾ നടക്കും. യഥാക്രമം കൊൽക്കത്ത, അഹ്മദാബാദ് എന്നീ വേദികളിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റുകളുടെ നോക്കൗട്ട് മത്സരങ്ങൾ നടക്കും.
2020നു ശേഷം ഇത് ആദ്യമായാണ് എല്ലാ ടൂർണമെൻ്റുകളും ഉൾപ്പെടുത്തി ബിസിസിഐ ആഭ്യന്തര സീസൺ നടത്തുന്നത്. സീസൺ തുടക്കത്തിലും അവസാനത്തിലും ഓരോ ഇറാനി കപ്പുകൾ നടത്തും. 2020 രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്ര ഒക്ടോബർ 1 മുതൽ അഞ്ച് വരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മധ്യപ്രദേശ് അടുത്ത വർഷം മാർച്ച് 1-5 തീയതികളിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമുമായി കളിക്കും.
ഇതാദ്യമായി വനിതകളുടെ അണ്ടർ 15 ടൂർണമെൻ്റും നടക്കും. ഡിസംബർ 26 മുതൽ ജനുവരി 12 വരെ ബെംഗളൂരു, റാഞ്ചി, രാജ്കോട്ട്, ഇൻഡോർ, എന്നീ വേദികളാവും മത്സരങ്ങൾ.