ഒരു വർഷത്തിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് പൂരം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. ചെന്നൈ ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ആദ്യ രണ്ട് ടെസ്റ്റുകളും നടക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും
ഒരു വർഷത്തിന് ശേഷമാണ് രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. കഴിഞ്ഞ ജനുവരിക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യയിൽ നടന്നിട്ടില്ല. മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര കൊവിഡിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
2020 ഐപിഎൽ നടന്നത് യുഎഇയിൽ ആയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് കൊവിഡിന് ശേഷം ഇന്ത്യയിൽ നടന്ന ആദ്യ പ്രൊഫഷണൽ ടൂർണമെന്റ്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. മുതിർന്ന താരങ്ങൾ പരുക്കിനെ തുടർന്ന് മടങ്ങിയിട്ടും യുവതാരങ്ങളെ വെച്ച് ഇന്ത്യ ഓസീസ് മണ്ണിൽ പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുന്നത്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി 13ന് ചെന്നൈയിൽ തന്നെ നടക്കും. ഫെബ്രുവരി 24, മാർച്ച് നാല് എന്നീ തീയതികളിലാണ് മൂന്നും നാലും ടെസ്റ്റ് ആരംഭിക്കുന്നത്. ഇത് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിലാണ്.