‘അത്‌ലറ്റുകളെ സംരക്ഷിക്കണം, കൃത്യമായ അന്വേഷണമുണ്ടാവണം’; ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി
ഗുസ്തി താരങ്ങളുടെ സമരത്തിൽ ഇടപെട്ട് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി. അത്‌ലറ്റുകളെ സംരക്ഷിക്കണം എന്ന് ഒളിമ്പിക്സ് കമ്മറ്റി അവശ്യപ്പെട്ടു. ഗുസ്തി താരങ്ങളുടെ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണമെന്നും ഒളിമ്പിക്സ് കമ്മറ്റി വക്താവ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് കൈകാര്യം ചെയ്തത് വളരെ മോശമായാണ് എന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പറഞ്ഞു. അവരെ കയ്യേറ്റം ചെയ്തതും മണിക്കൂറുകളോളം തടഞ്ഞുവച്ചതും വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണ പരാതിയിൽ നിക്ഷ്പക്ഷമായ, കൃത്യമായ അന്വേഷണമുണ്ടാവണം. ഈ പ്രക്രിയയിലുടനീളം അത്‌ലറ്റുകളുടെ സുരക്ഷയും ക്ഷേമവും കൃത്യമായി പരിഗണിക്കപ്പെടണമെന്നും അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പിടി ഉഷ അധ്യക്ഷയായ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനോട് അത്‌ലറ്റുകളെ സംരക്ഷിക്കണം എന്നും രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ആവശ്യപ്പെട്ടു.
യുണൈറ്റഡ് വേൾഡ് റെസ്ലിംഗും വിഷയത്തിൽ ഇടപെട്ടു. ഗുസ്തി താരങ്ങളെ തടഞ്ഞുവച്ചതും അവരെ കയ്യേറ്റം ചെയ്തതും ആശങ്കപ്പെടുത്തുന്നതാണ് എന്ന് യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് നടത്തണമെന്നും യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് ആവശ്യപ്പെട്ടു.
ഇതിനിടെ, തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യാമെന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ബ്രിജ് ഭൂഷൺ ശരൺ സിംഗ് വ്യക്തമാക്കി. വിഷയത്തിൽ ഡൽഹി പോലീസ് അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഗംഗ നദിയിൽ മെഡലുകൾ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ അദ്ദേഹം വിമർശിച്ചു. ഗംഗയിൽ മുക്കുന്നതിനായി കൊണ്ട് പോയ മെഡലുകൾ രാകേഷ് ടികായിത്തിന് നൽകാനായിരുന്നു താരങ്ങൾ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവർ ഹരിദ്വാറിലെത്തിയാണ് മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ തീരുമാനിച്ചത്. രാജ്യത്തിനഭിമായി തങ്ങൾക്ക് ലഭിച്ച മെഡലുകൾ നദിയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതാണ് കർഷക നേതാക്കൾ ഇടപെട്ട് തടഞ്ഞത്.