രാജ്യത്തിനുവേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്ന് ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷണെതിരായ സമരത്തിൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച് മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും.
അതേസമയം ഗുസ്തി ഫെഡറേഷൻ അധ്യക്ഷന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാൻ മോർച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തിൽ ഗുസ്തി താരങ്ങളെ പ്രതിനിധീകരിച്ച് ബജ്റംഗ് പുനിയയും പങ്കെടുത്തിരുന്നു. വ്യാഴാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ കോലം കത്തിക്കാനാണ് തീരുമാനം.