ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതി; ബ്രിജ് ഭൂഷൺ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്
ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്. ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പൊലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്.
ബ്രിജ് ഭൂഷണൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻറ് സെക്രട്ടറിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
ഇന്നലെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം 20ആം ദിവസത്തിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ ദിവസം ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തിയ കർഷകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ മറിച്ചിട്ടു. അതേസമയം സമാധാനപൂർവ്വം പ്രതിഷേധിക്കണമെന്ന് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചു.
താരങ്ങൾക്ക് പിന്തുണയുമായി എത്തിയ സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗത്തിലെ പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പൊലീസ് തീർത്ത ബാരിക്കേഡ് ഭേദിച്ച് സമരവേദിയിലെത്തിയത്തിയത്ത്. തുടർ സമരങ്ങൾക്കും സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഈ മാസം 21ന് മുൻപ് ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഡൽഹി വളയും എന്നാണ് ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം. വിവിധ കർഷക സംഘടനകളുടെ പിന്തുണയും ഗുസ്തി താരങ്ങൾക്ക് ഉണ്ട്. കേന്ദ്രം നിയോഗിച്ച സ്മിതിയുടെ കണ്ടത്തലുകൾ വരും മുമ്പ് കർഷക സംഘടനകൾ പിന്തുണയുമായി വന്നത് തെറ്റായി പോയെന്ന് ബ്രിജ് ഭൂഷൻ പ്രതികരിച്ചു.